Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Woman Loco Pilot

ശു​ക്രി​യ ദീ​ദി; ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ അ​ഭി​മാ​നം സു​രേ​ഖ യാ​ദ​വ് പ​ടി​യി​റ​ങ്ങു​ന്നു

കു​ട്ടി​ക്കാ​ല​ത്ത് ത​ന്‍റെ വീ​ടി​ന​ടു​ത്തു​കൂ​ടി പാ​ഞ്ഞു പോ​കു​ന്ന ട്രെ​യി​നു​ക​ൾ സു​രേ​ഖ എ​ന്ന കൊ​ച്ചു കു​ട്ടി കൗ​തു​ക​ത്തോ​ടെ നോ​ക്കി നി​ന്നി​രു​ന്നു. എ​ന്നെ​ങ്കി​ലും അ​തൊ​ന്ന് ഓ​ടി​ക്കാ​ൻ കി​ട്ടു​മോ എ​ന്ന് അ​വ​ളു​ടെ കു​ഞ്ഞു​മ​ന​സി​ൽ ഒ​രു മോ​ഹം തോ​ന്നി​യി​രി​ക്കാം.

അ​തു​കൊ​ണ്ടാ​ണ​ല്ലോ ഏ​ഷ്യ​യി​ലെ ആ​ദ്യ​ത്തെ വ​നി​ത ട്രെ​യി​ൻ ഡ്രൈ​വ​റാ​യി സു​രേ​ഖ യാ​ദ​വ് റെ​യി​ൽ​വേ​യു​ടെ ച​രി​ത്ര​ത്തി​ൽ ത​ന്‍റെ പേ​ര് അ​ട​യാ​ള​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഇ​ന്ത്യ​യി​ൽ അ​ങ്ങോ​ള​മി​ങ്ങോ​ളം ട്രെ​യി​നു​ക​ൾ ഓ​ടി​ച്ച​ത്.

ഈ ​വ​രു​ന്ന മു​പ്പ​തി​ന് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ പ​ടി​യി​റ​ങ്ങു​മ്പോ​ൾ ഒ​രു​പാ​ട് മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി തു​റ​ന്ന ഒ​രു ച​രി​ത്ര വ​നി​ത​യാ​ണ് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ലോ​ക്കോ പൈ​ല​റ്റി​ന്‍റെ ലോ​ക്കോ മോ​ട്ടീ​വ് ക്യാ​ബി​നി​ൽ നി​ന്ന് യാ​ത്ര പ​റ​ഞ്ഞി​റ​ങ്ങു​ന്ന​ത്.

മ​ഹാ​രാ​ഷ്്‌​ട്ര​യി​ലെ സ​ത്താ​റ​യി​ലാ​ണ് സു​രേ​ഖ ജ​നി​ച്ച​ത്. സാ​ത്ത് താ​ര ആ​ണ് പി​ന്നീ​ട് സ​ത്താ​റ എ​ന്ന​റി​യ​പ്പെ​ട്ട​ത്. സാ​ത്ത് താ​ര എ​ന്നാ​ൽ ഏ​ഴു ന​ക്ഷ​ത്ര​ങ്ങ​ൾ എ​ന്ന​ർ​ഥം. അ​വി​ടെ ജ​നി​ച്ച സു​രേ​ഖ പി​ന്നെ എ​ങ്ങ​നെ താ​ര​മാ​കാ​തി​രി​ക്കും. പ​ഠി​ക്കാ​ൻ മി​ടു​ക്കി​യാ​യി​രു​ന്നു സു​രേ​ഖ.

കു​ട്ടി​ക്കാ​ല​ത്ത് സ്കൂ​ളി​ൽ പ​ഠി​ക്കു​മ്പോ​ൾ ആ​രാ​കാ​നാ​ണ് ആ​ഗ്ര​ഹം എ​ന്ന് ടീ​ച്ച​ർ ചോ​ദി​ച്ച​പ്പോ​ൾ എ​നി​ക്ക് ട്രെ​യി​ൻ ഓ​ടി​ക്ക​ണം ടീ​ച്ച​ർ എ​ന്നൊ​രു പ​ക്ഷേ കൊ​ച്ചു സു​രേ​ഖ പ​റ​ഞ്ഞി​ട്ടു​ണ്ടാ​കാം.

എ​ന്നാ​ൽ സു​രേ​ഖ അ​ത് ഓ​ർ​ക്കു​ന്നി​ല്ല. ലോ​ക്കോ പൈ​ല​റ്റി​ന്‍റെ ട്രാ​ക്കി​ലേ​ക്ക് ഒ​രു കൗ​തു​ക​ത്തോ​ടെ ക​ട​ന്നു​വ​ന്നു എ​ന്നാ​ണ് സു​രേ​ഖ പ​റ​യു​ന്ന​ത്. തി​ക​ച്ചും യാ​ദൃ​ശ്ചി​ക​മാ​യാ​ണ് റെ​യി​ൽ​വേ​യു​ടെ ലോ​ക്കോ പൈ​ല​റ്റ് പ​രീ​ക്ഷ സു​രേ​ഖ എ​ഴു​തു​ന്ന​ത്.

ക​റാ​ഡി​ലെ ഗ​വ. പോ​ളി​ടെ​ക്‌​നി​ക്കി​ല്‍ നി​ന്ന് ഇ​ല​ക്‌​ട്രി​ക്ക​ല്‍ എ​ൻ​ജി​നീ​യ​റിം​ഗി​ല്‍ ഡി​പ്ലോ​മ നേ​ടി​യ ശേ​ഷം ആ​യി​രു​ന്നു ഈ ​പ​രീ​ക്ഷ എ​ഴു​ത്ത്. അ​തി​ൽ വി​ജ​യി​ച്ചു വൈ​വ വി​ജ​യി​ച്ചു സു​രേ​ഖ​യ്ക്ക് പോ​സ്റ്റിം​ഗ് ഓ​ർ​ഡ​ർ ആ​യി.

ഒ​രി​ക്ക​ലും കി​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ൽ ലോ​ക്കോ പൈ​ല​റ്റി​ന്‍റെ ജോ​ലി ല​ഭി​ച്ച​തോ​ടെ ആ​ദ്യം ടെ​ൻ​ഷ​നാ​യി. സ്ത്രീ​ക​ൾ ഇ​ന്നേ​വ​രെ ക​ട​ന്നു വ​ന്നി​ട്ടി​ല്ലാ​ത്ത ഒ​രു ഫീ​ൽ​ഡ് ആ​ണ് എ​ന്ന​ത് ത​ന്നെ​യാ​യി​രു​ന്നു ടെ​ൻ​ഷ​ന്‍റെ ഒ​രു കാ​ര​ണം.

ഈ ​ജോ​ലി ത​നി​ക്ക് പ​റ്റു​മോ എ​ന്ന ആ​ശ​ങ്ക മ​റ്റൊ​രു ട്രാ​ക്കി​ൽ. എ​ന്നാ​ൽ നി​ന​ക്ക് ഇ​ത് പ​റ്റു​മെ​ന്നും നീ ​എ​ന്താ​യാ​ലും ജോ​യി​ൻ ചെ​യ്യ​ണ​മെ​ന്നും വീ​ട്ടു​കാ​ർ ഒ​ന്ന​ട​ങ്കം പ​ച്ച​ക്കൊ​ടി വീ​ശി ശു​ഭ​യാ​ത്ര നേ​ർ​ന്ന​തോ​ടെ ടെ​ൻ​ഷ​ന്‍റേ​യും സം​ശ​യ​ങ്ങ​ളു​ടെ​യും പ്ലാ​റ്റ്ഫോ​മി​ൽ നി​ന്ന് ലോ​ക്കോ മോ​ട്ടീ​വ് ക്യാ​ബി​നി​ലേ​ക്ക് ദൃ​ഢ​നി​ശ്ച​യ​ത്തോ​ടെ സു​രേ​ഖ എ​ന്ന പെ​ൺ​കു​ട്ടി ക​യ​റി.

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ച​രി​ത്രം ഇ​ന്ന് പ​രി​ശോ​ധി​ക്കു​മ്പോ​ൾ സു​രേ​ഖ​യ്ക്ക് പി​ന്നാ​ലെ ആ​യി 1,500 ഓ​ളം വ​നി​താ ലോ​ക്കോ പൈ​ല​റ്റ് മാ​രാ​ണ് ഇ​ന്ന് ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ട്രെ​യി​നു​ക​ൾ ഓ​ടി​ക്കു​ന്ന​ത്. അ​വ​ർ​ക്ക് വ​ഴി​കാ​ട്ടി സു​രേ​ഖ ദീ​ദി​യാ​ണ്.

അ​വ​ർ​ക്ക് ധൈ​ര്യ​വും പ്രോ​ത്സാ​ഹ​ന​വും മാ​തൃ​ക​യും സു​രേ​ഖ ദീ​ദി ത​ന്നെ. നീ​ണ്ട 36 വ​ർ​ഷ​ത്തെ സേ​വ​നം സു​രേ​ഖ അ​വ​സാ​നി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​മ്പോ​ൾ അ​വ​ർ തു​റ​ന്നി​ട്ട വ​ഴി​യി​ലൂ​ടെ ഇ​ത്ര​യേ​റെ വ​നി​ത​ക​ൾ അ​വ​ർ തു​റ​ന്നി​ട്ട വ​ഴി​യി​ലൂ​ടെ വ​ന്നു​ചേ​ർ​ന്നു എ​ന്ന​ത് ചെ​റി​യ കാ​ര്യ​മ​ല്ല.

ത​ന്‍റെ 36 വ​ർ​ഷ​ത്തെ ലോ​ക്കോ പൈ​ല​റ്റ് ജീ​വി​ത​ത്തി​ൽ സു​രേ​ഖ ഒ​രു​വി​ധം എ​ല്ലാ ടൈ​പ്പ് ട്രെ​യി​നു​ക​ളും ഓ​ടി​ച്ചി​ട്ടു​ണ്ട്. ച​ര​ക്ക് ട്രെ​യി​നു​ക​ള്‍ മു​ത​ല്‍ സ​ബ​ര്‍​ബ​ന്‍ ലോ​ക്ക​ലു​ക​ള്‍ വ​രെ​യും, സാ​ധാ​ര​ണ ദീ​ര്‍​ഘ​ദൂ​ര ട്രെ​യി​നു​ക​ള്‍ മു​ത​ല്‍ രാ​ജ​ധാ​നി, വ​ന്ദേ ഭാ​ര​ത് പോ​ലു​ള്ള പ്രീ​മി​യം ട്രെ​യി​നു​ക​ള്‍ വ​രെ​യും സു​രേ​ഖ​യു​ടെ കൈ​പ്പി​ടി​യി​ൽ ഭ​ദ്ര​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ട്രാ​ക്കു​ക​ളി​ലൂ​ടെ ഓ​ടി​യി​ട്ടു​ണ്ട്.

1989-ല്‍ ​അ​സി​സ്റ്റ​ന്‍റ് ഡ്രൈ​വ​റാ​യി ക​രി​യ​ര്‍ ആ​രം​ഭി​ച്ച അ​വ​ര്‍ 1996-ല്‍ ​ഗു​ഡ്‌​സ് ഡ്രൈ​വ​റാ​യും 2000-ത്തി​ല്‍ മോ​ട്ടോ​ര്‍ വു​മ​ണാ​യും ഉ​യ​ര്‍​ന്നു. ഒ​രു കൗ​തു​ക​ത്തി​ന് റെ​യി​ൽ​വേ​യു​ടെ പ​രീ​ക്ഷ​യെ​ഴു​തി നേ​ടി​യെ​ടു​ത്ത ലോ​ക്കോ പൈ​ല​റ്റി​ന്‍റെ ജോ​ലി പി​ന്നീ​ട് സു​രേ​ഖ​യു​ടെ ജീ​വ​നും ജീ​വി​ത​വു​മാ​യി.

 

Latest News

Up